പ്രതിഷേധവുമായി കര്‍ഷകര്‍
സുല്‍ത്താന്‍ ബത്തേരി: കുരുമുളക് വള്ളി നടുന്ന കര്‍ഷകര്‍ക്ക് കൃഷിഭവന് മുഖേന നല്കുന്ന സബ്സിഡി നഴ്സറികളില്‍ നിന്ന് തൈകള്‍ വാങ്ങി നടുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ നടപടിക്കെതിരേ കര്‍ഷകരില്‍ നിന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
സ്വകാര്യ നഴ്സറികള്‍ക്ക് പണമുണ്ടാക്കികൊടുക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നിബന്ധന കൊണ്ടുവന്നതെന്നാണ് കര്‍ഷകരുടെ ആരോപണം. ഗുണമേന്മയുള്ള കുരുമുളക് വള്ളികള്‍ മിക്ക കര്‍ഷകരുടെയും കൃഷിയിടത്തിലുണ്ട്. ഇത് മുറിച്ച് നടുകയാണ് സാധാരണ ചെയ്തുവരുന്നത്.
ഇങ്ങനെ നടുന്ന കുരുമുളക് തൈകള്‍ക്ക് നേരത്തെ സബ്സിഡി നല്കിവന്നിരുന്നു. മാത്രമല്ല കര്‍ഷകരില്‍ നിന്ന് തന്നെയായിരുന്നു കുരുമുളക് വള്ളികള്‍ വാങ്ങി നട്ടുകൊണ്ടിരുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ അതിന്റെ ഗുണം കര്ഷകന് തന്നെയാണ് ലഭിക്കുക. അതേസമയം ഇപ്പോഴത്തെ നിബന്ധനയനുസരിച്ച് കര്ഷകന് സബ്സിഡ് ലഭിക്കുന്നില്ല. സ്വകാര്യ നഴ്സറികള്‍ക്കാണ് അതിന്റെ ഗുണം ലഭിക്കുക.
കര്‍ഷകരില്‍ നിന്ന് വാങ്ങുന്ന ചാണകം ഉള്‍പ്പെടെയുള്ള വളങ്ങളും കുരുമുളക് വള്ളികളും വില്‍പ്പന നടത്തുന്ന കര്‍ഷകരില്‍ നിന്ന് വൗച്ചര്‍ വാങ്ങി കൃഷി ഭവനില്‍ സമര്‍പ്പിച്ചാല്‍ പരിശോധന നടത്തി കൃത്യമായി തുക കര്ഷകന് തന്നെ നല്‍കുമായിരുന്നു. സ്വകാര്യ നഴ്സറികളെ സംരക്ഷിക്കുന്നതിന് നടത്തുന്ന ഈ പുതിയ നീക്കത്തിനെതിരേ ഫാര്‍മേഴ്സ് റിലീഫ് ഫോറം ഉള്‍പ്പെടെയുള്ള കര്‍ഷക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.